മാസപ്പടിക്കേസ്: ഇഡി ശിപാര്‍ശയില്‍ നിയമോപദേശം ഉടൻ കൈമാറില്ല; അന്തിമ തീരുമാനം 16ന് ശേഷം

മാസപ്പടിക്കേസില്‍ പ്രതിപ്പട്ടികയിലുള്ള സിഎംആർഎല്‍ ഉദ്യോഗസ്ഥരെ ഉള്‍പ്പെടെ വീണ്ടും വിളിപ്പിക്കാനൊരുങ്ങി ഇഡി.മൊഴികളില്‍ കൂടുതല്‍ വ്യക്തത വരുത്തുകയാണ് ഇതിലൂടെ ലക്ഷ്യമിടുന്നത്. അതേസമയം, കേസുമായി ബന്ധപ്പെട്ട് പിണറായി വിജയനെതിരെ കേസെടുക്കാമെന്ന ഇഡിയുടെ ശിപാർശയില്‍ അഡ്വക്കേറ്റ് ജനറലിന്റെ നിയമോപദേശം സർക്കാരിന് പതിനാറാം തീയതിക്ക് ശേഷം മാത്രമാണ് കൈമാറുക. ആഭ്യന്തര മന്ത്രി വിദേശ സന്ദർശനം പൂർത്തിയാക്കി മടങ്ങിയെത്തിയശേഷം മാത്രമാണ് സർക്കാരിന് നിയമോപദേശം കൈമാറുക.നിയമോപദേശം ലഭിച്ച ശേഷം റിപ്പോർട്ടില്‍ പ്രാഥമിക അന്വേഷണം നടത്താനാണ് സാധ്യത. പ്രാഥമിക അന്വേഷണത്തില്‍ കൃത്യമായ തെളിവുകള്‍ ലഭിക്കുകയാണെങ്കില്‍ മാത്രം എഫ്‌ഐആർ രജിസ്റ്റർ ചെയ്ത് മുന്നോട്ടുപോകാനാണ് സർക്കാരിന്റെ നീക്കം.അതേസമയം, റിപ്പോർട്ടില്‍ ഗുരുതരമായ കണ്ടെത്തലുകളാണ് ഉള്ളതെന്ന് മുഖ്യമന്ത്രി വി.ഡി സതീശൻ വ്യക്തമാക്കിയിരുന്നു. റിയാസിനെതിരെ കൂടി ആരോപണം ശക്തമായതോടെ ഇഡിക്കെതിരെ നിലപാട് കടുപ്പിക്കുകയാണ് സിപിഎം. കേസില്‍ അഴിമതി നിരോധന നിയമപ്രകാരം കേസെടുക്കാനുള്ള തെളിവുകളുണ്ടെന്നാണ് ഇഡിയുടെ റിപ്പോർട്ടില്‍ വ്യക്തമാക്കുന്നത്. വിജിലൻസ് അന്വേഷിക്കട്ടെയെന്ന നിലപാടാണ് സംസ്ഥാന പൊലീസ് മേധാവി റവാഡ ചന്ദ്രശേഖർ ഇതിനോടകം സ്വീകരിച്ചിട്ടുള്ളത്. ഈ സാഹചര്യത്തില്‍ കേസില്‍ വിജിലൻസ് അന്വേഷണം പ്രഖ്യാപിക്കാനാണ് കൂടുതല്‍ സാധ്യത. അഴിമതി നിരോധനനിയമത്തിന് പുറമേ കൂടുതല്‍ കുറ്റങ്ങള്‍ കണ്ടെത്തിയാല്‍ പൊലീസിലെ മറ്റ് ഏജൻസികളെയും അന്വേഷണത്തിനായി നിയോഗിക്കേണ്ടിവരും.

Leave a Reply

Your email address will not be published. Required fields are marked *