മുട്ടില്‍ മരംമുറിയിലെ വഞ്ചന കേസില്‍ അഗസ്റ്റിൻ സഹോദരന്മാര്‍ ഹാജരാകാത്തതില്‍ കടുപ്പിച്ച്‌ ചോറ്റാനിക്കര കോടതി, ഈ മാസം 11 ഹാജരാകാൻ അന്ത്യശാസനം

മുട്ടില്‍ മരംമുറിയുമായി ബന്ധപ്പെട്ട വഞ്ചനാ കേസില്‍ അഗസ്റ്റിൻ സഹോദരന്മാർ ഹാജരാകാത്തതില്‍ നിലപാട് കടുപ്പിച്ച്‌ വിചാരണ കോടതി.വിചാരണക്ക് പ്രതികള്‍ 11 ന് ഹാജരാകണം എന്ന് ചോറ്റാനിക്കര മജിസ്ട്രേറ്റ് കോടതി നിർദ്ദേശം നല്‍കി. വിചാരണ നടപടികള്‍ നിർത്തിവയ്ക്കാൻ ഹൈക്കോടതിയെ സമീപിച്ചിരിക്കുകയാണെന്ന് അഭിഭാഷകൻ കോടതിയെ അറിയിച്ചു. എങ്കില്‍ ഹൈക്കോടതിയുടെ സ്റ്റേ ഉത്തരവ് ഹാജരാക്കണമെന്നും അല്ലെങ്കില്‍ വീഡിയോ കോണ്‍ഫറൻസിങ് വഴി ഹാജരാകാനുള്ള അനുമതി റദ്ദാക്കുമെന്നും കോടതി പറഞ്ഞു. ചോറ്റാനിക്കര കോടതിയിലെ വിചാരണ നടപടികള്‍ നിർത്തിവയ്ക്കണമെന്ന് ആവശ്യപ്പെട്ട് പ്രതികള്‍ നല്‍കിയ ഹർജി ഹൈക്കോടതി നാളെ വീണ്ടും പരിഗണിക്കും. മുൻപ് മൂന്ന് തവണ ഈ ആവശ്യം ഹൈക്കോടതി തള്ളിയിരുന്നു.

അതേസമയം മുട്ടില്‍ മരംമുറിക്കേസില്‍ പ്രതികളായ അഗസ്റ്റിൻ സഹോദരങ്ങള്‍ ബത്തേരി കോടതിയില്‍ ശനിയാഴ്ച ഹാജരായിരുന്നു. റോജി അഗസ്റ്റിൻ, ജോസൂട്ടി അഗസ്‌റ്റിൻ, ആൻ്റോ അഗസ്റ്റിൻ എന്നിവരാണ് ബത്തേരി ജുഡീഷ്യല്‍ ഫസ്റ്റ് ക്ലാസ് മജിസ്ട്രേറ്റ് കോടതിയില്‍ ഹാജരായത്. പൊലീസ് കുറ്റപത്രം സമർപ്പിച്ച 42 കേസുകളില്‍ വിചാരണ തുടങ്ങുന്നതിന് മുന്നോടിയായാണ് നടപടി. 2020-21 കാലഘട്ടത്തില്‍ നടന്ന മുട്ടില്‍ മരംമുറിയുമായി ബന്ധപ്പെട്ട 41 കേസുകളില്‍ അന്വേഷണ സംഘം നേരത്തെ കുറ്റപത്രം സമർപ്പിച്ചിരുന്നു. ഇനി വൈകാതെ കേസിന്റെ വിചാരണ നടപടികള്‍ ആരംഭിച്ചേക്കും. കേസില്‍ പ്രതികളായ അഗസ്റ്റിൻ സഹോദരങ്ങള്‍ ജാമ്യത്തില്‍ തുടരുകയാണ്. അതേസമയം കേസില്‍ പിടിച്ചെടുത്ത 112 ഈട്ടിത്തടികള്‍ നിലവില്‍ വനംവകുപ്പിന്റെ കുപ്പാടി ഡിപ്പോയിലാണ് സൂക്ഷിച്ചിരിക്കുന്നത്.

Leave a Reply

Your email address will not be published. Required fields are marked *