20 വര്‍ഷത്തിലേറെ തടവില്‍ കഴിഞ്ഞ ജീവപര്യന്തം തടവുകാരനെ മോചിപ്പിച്ച് ഡല്‍ഹി ഹൈക്കോടതി

ന്യൂഡല്‍ഹി: കുറ്റം ചെയ്ത വ്യക്തിയെ അയാളുടെ ഏറ്റവും മോശം പ്രവൃത്തിയിലൂടെ മാത്രം വിലയിരുത്തരുതെന്നും തുടര്‍ന്നുള്ള തിരഞ്ഞെടുപ്പുകളിലൂടെയും പരിഷ്‌കരണത്തിലൂടെയും വിലയിരുത്തണമെന്നും നിരീക്ഷിച്ച് ജീവപര്യന്തം തടവുകാരന്റെ മോചനത്തിന് ഉത്തരവിട്ട് ഡല്‍ഹി ഹൈക്കോടതി . 20 വര്‍ഷത്തിലേറെ യഥാര്‍ഥ തടവ് അനുഭവിച്ച മോട്ടി എന്ന മോഹിതിനെയാണ് ഉടന്‍ മോചിപ്പിക്കാന്‍ കോടതി നിര്‍ദേശിച്ചത്. ശിക്ഷയുടെ പരിഷ്‌കരണാത്മക ലക്ഷ്യം പരിഗണിക്കാതെ അദ്ദേഹത്തിന്റെ നേരത്തെയുള്ള മോചന അപേക്ഷ അധികൃതര്‍ യാന്ത്രികമായി തള്ളിയെന്നു കണ്ടെത്തിയതിനെ തുടര്‍ന്നാണ് നടപടി.ജസ്റ്റിസ് ഗിരീഷ് കത്പാലിയ അധ്യക്ഷനായ ബെഞ്ചാണ് ശ്രദ്ധേയമായ നിരീക്ഷണങ്ങള്‍ നടത്തിയത്. ഋഗ്വേദത്തിലെ പാപമോചന പ്രാര്‍ഥന പരാമര്‍ശിച്ചുകൊണ്ട് വിധി ആരംഭിച്ച കോടതി, ഓസ്‌കര്‍ വൈല്‍ഡിന്റെ ”ഒരു വിശുദ്ധനും ഭൂതകാലമില്ലാത്തവനല്ല, ഒരു പാപിക്കും ഭാവിയില്ലാത്തവനല്ല” എന്ന വാക്കുകളും ഉദ്ധരിച്ചു. ഓരോ തെറ്റിനും അതിന്റെ പ്രത്യാഘാതം ഉണ്ടാകണം, എന്നാല്‍ ഓരോ പ്രത്യാഘാതത്തിനും ഒരു പരിധിയുണ്ടാകണമെന്നും അതിരുകടന്ന ശിക്ഷ തന്നെ മറ്റൊരു തെറ്റായി മാറാമെന്നും കോടതി വ്യക്തമാക്കി. 2004ല്‍ ഡിഫന്‍സ് കോളനി പോലിസ് സ്റ്റേഷന്‍ പരിധിയില്‍ നടന്ന ഇരട്ടക്കൊലപാതകവും മോഷണവുമായി ബന്ധപ്പെട്ട കേസിലാണ് മോട്ടി ശിക്ഷിക്കപ്പെട്ടത്. 2010ല്‍ വിചാരണക്കോടതി ജീവപര്യന്തം തടവ് വിധിച്ചു. പിന്നീട് ഡല്‍ഹി ഹൈക്കോടതിയും സുപ്രിംകോടതിയും ശിക്ഷ ശരിവച്ചതോടെ വിധി അന്തിമമായി. ഇതുവരെ 20 വര്‍ഷത്തിലേറെ യഥാര്‍ഥ തടവും ഇളവുകള്‍ ഉള്‍പ്പെടെ 24 വര്‍ഷത്തിലേറെയും മോട്ടി ജയില്‍വാസം അനുഭവിച്ചിരുന്നു.ജീവപര്യന്തം തടവ് അവസാന ശ്വാസംവരെ തുടരുന്നത് ശിക്ഷയുടെ പ്രതികാരപരവും പ്രതിരോധപരവുമായ ലക്ഷ്യങ്ങള്‍ നിറവേറ്റിയേക്കാം. എന്നാല്‍ ശിക്ഷയുടെ പരിഷ്‌കരണാത്മക ആശയത്തെ അത് പൂര്‍ണമായും തകര്‍ക്കുമെന്നും കോടതി നിരീക്ഷിച്ചു. ഇതിന്റെ അടിസ്ഥാനത്തില്‍ മോട്ടിയെ ഉടന്‍ മോചിപ്പിക്കാനും, വീണ്ടും സെന്റന്‍സ് റിവ്യൂ ബോര്‍ഡിന് മുന്നിലേക്ക് അയച്ച് നടപടിക്രമം ആവര്‍ത്തിക്കാതിരിക്കാനും കോടതി നിര്‍ദേശിച്ചു. സെന്റന്‍സ് റിവ്യൂ ബോര്‍ഡ് ഒരു സാധാരണ അപേക്ഷ തീര്‍പ്പാക്കല്‍ സംവിധാനമായി മാറരുതെന്നും കോടതി പറഞ്ഞു. ദീര്‍ഘകാലം സ്വാതന്ത്ര്യം നഷ്ടപ്പെട്ട മനുഷ്യരുടെ ഭാവിയെക്കുറിച്ചാണ് ബോര്‍ഡ് തീരുമാനിക്കുന്നതെന്നും അതിനാല്‍ പരിഷ്‌കരണത്തിനും പുനരധിവാസത്തിനും കൂടുതല്‍ പ്രാധാന്യം നല്‍കണമെന്നും ജസ്റ്റിസ് കത്പാലിയ വ്യക്തമാക്കി.

Leave a Reply

Your email address will not be published. Required fields are marked *