ന്യൂഡൽഹി: രാജസ്ഥാൻ ഹൈക്കോടതി ആക്ടിങ് ചീഫ് ജസ്റ്റിസ് സഞ്ജീവ് പ്രകാശ് ശർമ്മയ്ക്കെതിരേ ഗുരുതര ആരോപണവുമായി സുപ്രീം കോടതി ജഡ്ജി ജസ്റ്റിസ് സന്ദീപ് മേഹ്ത. ജസ്റ്റിസ് സഞ്ജീവ് പ്രകാശ് ശർമ പണക്കാരായ കക്ഷികൾക്കുവേണ്ടി കേസുകൾ നേരത്തെ ലിസ്റ്റ് ചെയ്യുന്നുവെന്ന് ചൂണ്ടുക്കാട്ടി ജസ്റ്റിസ് സന്ദീപ് മെഹ്ത ചീഫ് ജസ്റ്റിസ് സൂര്യകാന്തിന് കത്തു നൽകി. സുപ്രീം കോടതി ചീഫ് ജസ്റ്റിസുമായി അടുത്ത ബന്ധമാണെന്ന് അവകാശപ്പെട്ട് മറ്റു ജഡ്ജിമാരെ ഭീഷണിപ്പെടുത്തുന്നുവെന്നും കത്തിൽ ആരോപണമുണ്ട്.അടുത്തമാസം സഞജീവ് ശർമ വിരമിക്കാനിരിക്കെയാണ് അദ്ദേഹത്തിനെതിരേ ഗുരുതര ആരോപണം ഉയരുന്നത്. വിരമിക്കുന്നതിന് മുമ്പുതന്നെ ജസ്റ്റിസ് സഞ്ജീവ് പ്രകാശ് ശർമയെ രാജസ്ഥാൻ ഹൈക്കോടതിയിൽനിന്ന് മറ്റൊരു ഹൈക്കോടതിയിലേക്ക് മാറ്റണമെന്നും കത്തിൽ ആവശ്യപ്പെടുന്നുണ്ട്.ജസ്റ്റിസ് സഞ്ജീവ് പ്രകാശ് ശർമ പണക്കാരായ കക്ഷികൾക്കുവേണ്ടി നേരത്തെ കേസുകൾ ലിസ്റ്റ് ചെയ്യുന്നെന്നും അവർക്കുവേണ്ടി ആക്ടിങ് ചീഫ് ജസ്റ്റിസിന്റെ ഭാഗത്തുനിന്ന് ഇടപെടൽ ഉണ്ടാകുന്നെന്നും കത്തിൽ പറയുന്നു. ചീഫ് ജസ്റ്റിസ് സൂര്യകാന്തുമായി തനിക്ക് അടുത്തബന്ധമുണ്ടെന്ന് അവകാശപ്പെട്ട് മറ്റു ജഡ്ജിമാരെ ഭീഷണിപ്പെടുത്തുന്നു. പറഞ്ഞ കാര്യങ്ങൾ കേട്ടില്ലെങ്കിൽ ജഡ്ജിമാർക്കെതിരേ നടപടി ഉണ്ടാകുമെന്നും സ്ഥലം മാറ്റമുണ്ടാകുമെന്നും ജസ്റ്റിസ് സഞ്ജീവ് പ്രകാശ് ശർമ ഭീഷണിപ്പെടുത്തിയതായി ജഡ്ജിമാരിൽ ചിലർ തന്നോട് പറഞ്ഞുവെന്നും ജസ്റ്റിസ് സന്ദീപ് മെഹ്ത കത്തിൽ പറയുന്നു. സ്വജനപക്ഷപാതം, അധികാര ദുരുപയോഗം, പക്ഷപാതം തുടങ്ങിയവയും അദ്ദേഹത്തിനെതിരേ കത്തിൽ ആരോപിക്കുന്നുണ്ട്.മറ്റു ബെഞ്ചുകൾക്ക് മുമ്പാകെയുള്ള കേസുകൾ വ്യക്തമായ കാരണമില്ലാതെ ജസ്റ്റിസ് ശർമയുടെ കോടതിയിലേക്ക് മാറ്റിയതായി ഓഗസ്റ്റ് രണ്ടിന് എഴുതിയ കത്തിൽ പറയുന്നു. മൂന്ന് കത്തുകളാണ് ഓഗസ്റ്റ് മാസത്തിൽ മാത്രം ചീഫ് ജസ്റ്റിസിന് നൽകിയിരിക്കുന്നത്. ഓഗസ്റ്റ് രണ്ട്, 10, 17 എന്നീ തീയതികളിലാണ് കത്ത് കൈമാറിയിരിക്കുന്നത്. അടുത്ത ആഴ്ച സുപ്രീം കോടതിയുടെ കൊളീജിയം ചേരാനിരിക്കെയാണ് കത്തു ലഭിച്ചിരിക്കുന്നത്.രാജ്യത്തെ വിവിധ ഹൈക്കോടതികളിലെ ചീഫ് ജസ്റ്റിസുമാരുടെ സ്ഥലംമാറ്റം സംബന്ധിച്ച കാര്യങ്ങൾ ചർച്ച ചെയ്യാനിരിക്കെയാണ് രാജസ്ഥാൻ ഹൈക്കോടതിയുമായി ബന്ധപ്പെട്ട ആരോപണങ്ങളുള്ള കത്തിന്റെ വിശദാംശങ്ങൾ പുറത്തുവന്നത്.
‘പണക്കാർക്കുവേണ്ടി കേസ് ലിസ്റ്റ് ചെയ്യുന്നു’; ഹൈക്കോടതി ചീഫ് ജസ്റ്റിസിനെതിരേ സുപ്രീം കോടതി ജഡ്ജി
