അദാനി-രാജസ്ഥാന്‍ വൈദ്യുതി തര്‍ക്കം: മുന്‍ ജഡ്ജി അരുണ്‍ മിശ്രയെ മധ്യസ്ഥ സ്ഥാനത്തുനിന്നും മാറ്റി സുപ്രീം കോടതി

അദാനി ഗ്രൂപ്പ് പങ്കാളിത്തമുള്ള പാര്‍സ കെന്റെ കൊളിയറീസ് ലിമിറ്റഡും (പികെസിഎല്‍) രാജസ്ഥാന്‍ രാജ്യ വിദ്യുത് ഉത്പാദന്‍ നിഗമ ലിമിറ്റഡും (ആര്‍ആര്‍വിയുഎന്‍എല്‍) തമ്മിലുള്ള തര്‍ക്കത്തില്‍ മുന്‍ സുപ്രീം കോടതി ജഡ്ജി ജസ്റ്റിസ് അരുണ്‍ മിശ്രയെ മധ്യസ്ഥനാക്കി നിയമിച്ച തീരുമാനം തിരുത്തി സുപ്രീം കോടതി. പകരം മുന്‍ ജഡ്ജി ജസ്റ്റിസ് എസ്.കെ. കൗളിനെയാണ് സുപ്രീം കോടതി പുതിയ മധ്യസ്ഥനാക്കി നിയമിച്ചിരിക്കുന്നത്. ഇരു കമ്പനികളും തമ്മിലുള്ള പഴയൊരു കേസില്‍ 2019-ല്‍ ജസ്റ്റിസ് അരുണ്‍ മിശ്ര വിധി പറഞ്ഞിട്ടുണ്ടെന്നും അതിനാല്‍ മധ്യസ്ഥനെ മാറ്റണമെന്നും ആവശ്യപ്പെട്ട് ആര്‍ആര്‍വി യുഎന്‍എല്‍ നല്‍കിയ ഹര്‍ജിയിലാണ് ചീഫ് ജസ്റ്റിസ് സൂര്യകാന്ത് അധ്യക്ഷനായ മൂന്നംഗ ബെഞ്ചിന്റെ ഈ നടപടി.പി കെ സി എലും ആര്‍ ആര്‍ വി യു എന്‍ എലും തമ്മില്‍ കല്‍ക്കരി ഖനനവും ഗതാഗതവുമായി ബന്ധപ്പെട്ട് 30 വര്‍ഷത്തെ കരാറാണുള്ളത്. അദാനി എന്റര്‍പ്രൈസസിന് 74 ശതമാനവും ആര്‍ആര്‍വി യുഎന്‍എലിന് 26 ശതമാനവും ഓഹരിയുള്ള ഒരു സംയുക്ത സംരംഭമാണ് പാര്‍സ കെന്റെ കൊളിയറീസ് ലിമിറ്റഡ്. ഈ കരാറുമായി ബന്ധപ്പെട്ട വിലക്കയറ്റം, സ്ഥിരച്ചെലവുകള്‍ എന്നിവയെച്ചൊല്ലിയുള്ള മുന്‍ തര്‍ക്കം 2019-ല്‍ സുപ്രീം കോടതിയിലെത്തിയിരുന്നു. വേനലവധിയില്‍ ക്രമം തെറ്റിച്ച് കേസ് പരിഗണിച്ച പട്ടികയില്‍ ഈ വിഷയം ഉള്‍പ്പെടുത്തിയത് അന്ന് വലിയ വിവാദങ്ങള്‍ക്കിടയാക്കിയിരുന്നു. ഇതിനെതിരെ മുതിര്‍ന്ന അഭിഭാഷകന്‍ ദുഷ്യന്ത് ദാവെ അന്നത്തെ ചീഫ് ജസ്റ്റിസ് രഞ്ജന്‍ ഗൊഗോയിക്ക് തുറന്ന കത്തെഴുതുകയും ചെയ്തിരുന്നു.കേസ് പരിഗണിക്കാന്‍ സജ്ജമല്ലെന്ന് രജിസ്ട്രാര്‍ വ്യക്തമാക്കിയിട്ടും 2019 മേയില്‍ വേനലവധിയില്‍ ജസ്റ്റിസ് അരുണ്‍ മിശ്ര, ജസ്റ്റിസ് എം.ആര്‍. ഷാ എന്നിവരടങ്ങിയ ബെഞ്ചിന് മുന്നില്‍ കേസ് വാദം കേള്‍ക്കാന്‍ വരികയും കേവലം അഞ്ചു ദിവസത്തിനുള്ളില്‍ വിധി പറയുകയും ചെയ്തു. അന്ന് രാജസ്ഥാന്‍ ഹൈക്കോടതി ഉത്തരവ് ഭാഗികമായി തിരുത്തിക്കൊണ്ട് കമ്പനിക്ക് അനുകൂലമായ നിലപാട് സുപ്രീം കോടതി ബെഞ്ച് സ്വീകരിച്ചു. ഈ പഴയ സംഭവം ചൂണ്ടിക്കാട്ടിയാണ് പുതിയ തര്‍ക്കത്തില്‍ ജസ്റ്റിസ് മിശ്ര മധ്യസ്ഥനാകുന്നതിനെ രാജസ്ഥാന്‍ പൊതുമേഖലാ സ്ഥാപനം ശക്തമായി എതിര്‍ത്തത്.എന്നാല്‍, ഇതിനുമുമ്പ് ഈ കേസ് പരിഗണിച്ച രാജസ്ഥാന്‍ ഹൈക്കോടതി ആക്ടിംഗ് ചീഫ് ജസ്റ്റിസ് സഞ്ജീവ് പ്രകാശ് ശര്‍മ്മയുടെ ബെഞ്ച് ജസ്റ്റിസ് മിശ്രയെ മധ്യസ്ഥനായി നിയമിക്കുകയാണുണ്ടായത്. ഇതിനെതിരെയാണ് ആര്‍ആര്‍വി യുഎന്‍എല്‍ സുപ്രീം കോടതിയെ സമീപിച്ചത്. സുപ്രീം കോടതിയില്‍ നടന്ന വാദത്തിനിടെ, 2019-ലെ അതേ കരാറിനെച്ചൊല്ലിയുള്ള തര്‍ക്കമാണ് ഇപ്പോഴും തുടരുന്നതെന്ന് ആര്‍ആര്‍വി യുഎന്‍എലിന് വേണ്ടി ഹാജരായ മുതിര്‍ന്ന അഭിഭാഷകന്‍ ശ്യാം ദിവാന്‍ വാദിച്ചു. എന്നാല്‍ തര്‍ക്കം പഴയതാണെന്നും നീതിപൂര്‍വ്വമായ നടപടികളെ ചോദ്യം ചെയ്യാനാവില്ലെന്നും അദാനി ഗ്രൂപ്പിന്റെ അഭിഭാഷകന്‍ ഗൗരവ് ബാനര്‍ജി എതിര്‍ത്തു.മുന്‍ സുപ്രീം കോടതി ജഡ്ജിയെ വിഷമത്തിലാക്കാന്‍ ആഗ്രഹിക്കുന്നില്ലെന്ന് വ്യക്തമാക്കിയ സുപ്രീം കോടതി, ഇരുവിഭാഗങ്ങളോടും ഒരു പൊതു ധാരണയിലെത്താന്‍ ആവശ്യപ്പെടുകയായിരുന്നു. തുടര്‍ന്നാണ് ഇരു കൂട്ടരുടെയും സമ്മതത്തോടെ ജസ്റ്റിസ് എസ്.കെ. കൗളിന്റെ പേര് അന്തിമമാക്കിയത്. മധ്യസ്ഥനെ മാറ്റാന്‍ ആര്‍ആര്‍വി യുഎന്‍എല്‍ ഉന്നയിച്ച നിയമപരമായ കാരണങ്ങള്‍ നിലനില്‍ക്കുന്നതല്ലെന്ന് സുപ്രീം കോടതി വ്യക്തമാക്കിയെങ്കിലും, പരസ്പര സമ്മതത്തോടെ പുതിയ മധ്യസ്ഥനെ നിയമിച്ചതോടെ കേസ് അവസാനിക്കുകയായിരുന്നു. കോടതിയുടെയും ജഡ്ജിമാരുടെയും സുതാര്യത ഉറപ്പുവരുത്താനാണ് തങ്ങള്‍ ഈ വിഷയം ഉന്നയിച്ചതെന്ന് ആര്‍ആര്‍വി യുഎന്‍എലിന്റെ അഭിഭാഷകന്‍ കാര്‍ത്തിക് സേഥ് പ്രതികരിച്ചു.

Leave a Reply

Your email address will not be published. Required fields are marked *