ന്യൂഡൽഹി: മയക്കുമരുന്നുകേസിലെ പ്രതിക്ക് ജാമ്യംനൽകാൻ മദ്രാസ് ഹൈക്കോടതി നിർദേശിച്ച അസ്വാഭാവികവ്യവസ്ഥകൾ റദ്ദാക്കി സുപ്രീംകോടതി. രണ്ട് സർക്കാർ ഉദ്യോഗസ്ഥർ ജാമ്യം നിൽക്കണമെന്നുമാത്രമല്ല, പ്രതി ഇനിയൊരിക്കലും കുറ്റം ആവർത്തിക്കില്ലെന്ന് അവർ സത്യവാങ്മൂലം നൽകണമെന്നും വ്യവസ്ഥവെച്ചതാണ് സുപ്രീംകോടതി റദ്ദാക്കിയത്. കോട്ടയം അതിരമ്പുഴ സ്വദേശിയായ പ്രതി ദിവസവും രാവിലെ പത്തരയ്ക്ക് തമിഴ്നാട്ടിലെ തേനി പോലീസ് സ്റ്റേഷനിൽ റിപ്പോർട്ട് ചെയ്യണമെന്ന വ്യവസ്ഥയും സുപ്രീംകോടതി റദ്ദാക്കി.പ്രതിക്ക് വിചാരണക്കോടതി പത്തുവർഷം തടവും ഒരുലക്ഷം രൂപ പിഴയുമാണ് വിധിച്ചത്. ശിക്ഷ മരവിപ്പിച്ചുകൊണ്ട് മാർച്ച് 23-ന് ജാമ്യം നൽകുമ്പോൾ ഹൈക്കോടതി നിശ്ചയിച്ച വ്യവസ്ഥകൾക്കെതിരേ പ്രതി സുപ്രീംകോടതിയെ സമീപിച്ചു. അസ്വാഭാവികവ്യവസ്ഥകളിൽ ആശ്ചര്യമറിയിച്ച സുപ്രീംകോടതി, ഏത് ഹൈക്കോടതിയാണ് ഇങ്ങനെ ഉത്തരവിട്ടതെന്നും ചോദിച്ചു. രാവിലെത്തന്നെ ഏതെല്ലാംതരം കേസുകളാണ് തങ്ങൾക്ക് കാണേണ്ടിവരുന്നതെന്നും ജസ്റ്റിസ് ജെ.ബി. പർദിവാല അധ്യക്ഷനായ ബെഞ്ച് പറഞ്ഞു.നിയമസാധുതയില്ലാത്തതും അപ്രായോഗികവുമായ ജാമ്യവ്യവസ്ഥകളാണ് ഹൈക്കോടതി നിർദേശിച്ചതെന്ന് പ്രതിക്കുവേണ്ടി ഹാജരായ അഡ്വ. എം.ആർ. അഭിലാഷ് ചൂണ്ടിക്കാട്ടി. സർക്കാർ ഉദ്യോഗസ്ഥർ ജാമ്യംനിൽക്കണമെന്നും അവർ സത്യവാങ്മൂലം നൽകണമെന്നും പറയുന്നത് യഥാക്രമം ഭാരതീയ നാഗരിക സുരക്ഷാ സംഹിതയുടെ 485 (ഒന്ന്), 485(നാല്) വകുപ്പുകൾക്കെതിരാണെന്നും അഭിലാഷ് പറഞ്ഞു. ജാമ്യവ്യവസ്ഥകൾ റദ്ദാക്കണമെന്ന ആവശ്യത്തെ തമിഴ്നാട് സർക്കാർ എതിർത്തെങ്കിലും പ്രതിക്ക് പാലിക്കാനാകാത്ത വ്യവസ്ഥകളാണ് ഹൈക്കോടതി വെച്ചതെന്ന് സുപ്രീംകോടതി ചൂണ്ടിക്കാട്ടി.
മയക്കുമരുന്നുകേസിൽ ജാമ്യത്തിന് വിചിത്രവ്യവസ്ഥ; റദ്ദാക്കി സുപ്രീംകോടതി
