ഗംഗാ നദിയിലെ മലിനീകരണവും തീരങ്ങളിലെ അനധികൃത കയ്യേറ്റങ്ങളും തടയുന്നതിൽ കടുത്ത നിലപാടുമായി സുപ്രീം കോടതി. ആറു വർഷങ്ങൾക്ക് മുൻപ് നാഷണൽ ഗ്രീൻ ട്രൈബ്യൂണലിന് കൈമാറിയ കേസ് സുപ്രീം കോടതി വീണ്ടും പരിഗണനയ്ക്കെടുത്തു. ജസ്റ്റിസുമാരായ ജെ ബി പർദിവാല, കെ വി വിശ്വനാഥൻ എന്നിവരടങ്ങിയ ബെഞ്ചാണ് കേസിൽ ഉത്തർപ്രദേശ്, ബീഹാർ, ഡൽഹി, പശ്ചിമ ബംഗാൾ, ഉത്തരാഖണ്ഡ് ഉൾപ്പെടെ ഗംഗാ നദീതട പരിധിയിൽ വരുന്ന 11 സംസ്ഥാനങ്ങൾക്ക് നോട്ടീസ് അയച്ചത്.പട്നയിൽ ഗംഗാ നദീതീരത്ത് നടക്കുന്ന വ്യാപകമായ അനധികൃത നിർമ്മാണങ്ങൾക്കെതിരെ ഒരു പ്രാദേശികവാസി നൽകിയ ഹർജി എൻ ജി ടി തള്ളിയതിനെ തുടർന്നാണ് കേസ് സുപ്രീം കോടതിയിലെത്തിയത്. പട്നയിലെ നൗസർ ഘട്ട് മുതൽ നൂർപൂർ ഘട്ട് വരെയുള്ള പ്രദേശങ്ങളിലെ മുഴുവൻ അനധികൃത നിർമ്മാണങ്ങളും കയ്യേറ്റങ്ങളും ആറ് ആഴ്ചയ്ക്കകം പൂർണ്ണമായും ഒഴിപ്പിക്കണമെന്ന് ബീഹാർ സർക്കാരിന് കോടതി നിർദ്ദേശം നൽകി. 2016ലെ നമാമി ഗംഗാ പദ്ധതിയും ഗംഗാ പുനരുജ്ജീവന ഉത്തരവുകളും കാര്യക്ഷമമായി നടപ്പിലാക്കുന്നുണ്ടോയെന്നും, 11 സംസ്ഥാനങ്ങളിലെയും കയ്യേറ്റങ്ങളുടെ നിലവിലെ വിവരങ്ങൾ ഉൾപ്പെടുത്തി സമഗ്രമായ സത്യവാങ്മൂലം സമർപ്പിക്കാനും ജൽ ശക്തി മന്ത്രാലയത്തോട് സുപ്രീം കോടതി ആവശ്യപ്പെട്ടിട്ടുണ്ട്.
ഗംഗാ നദിയിലെ മലിനീകരണം; വീണ്ടും സുപ്രീം കോടതി ഇടപെടൽ, 11 സംസ്ഥാനങ്ങൾക്ക് നോട്ടീസ്
