നെടുമങ്ങാട്ടെ ഒന്നര വയസുകാരന്റെ കൊലപാതകം; കുറ്റപത്രം ഉടൻ സമർപ്പിക്കണമെന്ന് ഹൈക്കോടതി

കൊച്ചി: സംസ്ഥാനത്തെ നടുക്കിയ നെടുമങ്ങാട്ടെ ഒന്നര വയസുകാരന്റെ കൊലപാതകക്കേസിൽ കുറ്റപത്രം എത്രയും വേഗം സമർപ്പിക്കണമെന്ന് ഹൈക്കോടതി സംസ്ഥാന സർക്കാരിനും അന്വേഷണസംഘത്തിനും നിർദേശം നൽകി. കേസ് സംബന്ധിച്ച സ്വമേധയാ സ്വീകരിച്ച ഹർജി പരിഗണിക്കവെയാണ് കോടതിയുടെ നിർണായക നിർദേശം. കേസിലെ ഫോറൻസിക് പരിശോധനാ റിപ്പോർട്ട് ഇതുവരെ ലഭ്യമായിട്ടില്ലെന്നും, അതിനാലാണ് കുറ്റപത്രം സമർപ്പിക്കുന്നതിൽ കാലതാമസം നേരിടുന്നതെന്നും സർക്കാർ കോടതിയെ അറിയിച്ചു. എന്നാൽ അന്വേഷണം അനിശ്ചിതമായി നീളാൻ അനുവദിക്കാനാവില്ലെന്ന് വ്യക്തമാക്കിയ ഹൈക്കോടതി, റിപ്പോർട്ട് ലഭ്യമാകുന്ന മുറയ്‌ക്ക് കുറ്റപത്രം സമർപ്പിക്കാനുള്ള നടപടികൾ വേഗത്തിലാക്കാൻ നിർദേശിച്ചു.കേസിന്റെ അന്വേഷണ പുരോഗതി സംബന്ധിച്ച വിവരങ്ങളും സർക്കാർ കോടതിയെ അറിയിച്ചു. അന്വേഷണത്തിന്റെ പ്രധാന ഘട്ടങ്ങൾ പൂർത്തിയായിട്ടുണ്ടെന്നും, ഫോറൻസിക് റിപ്പോർട്ട് കൂടി ലഭിക്കുന്നതോടെ കുറ്റപത്രം സമർപ്പിക്കാനാകുമെന്നും സർക്കാർ വ്യക്തമാക്കി.അതേസമയം, കേസുമായി ബന്ധപ്പെട്ട സ്വമേധയാ സ്വീകരിച്ച ഹർജിയിൽ കക്ഷിചേരാൻ ജില്ലാ ശിശു സംരക്ഷണ ഓഫീസർ സമർപ്പിച്ച അപേക്ഷ ഹൈക്കോടതി തള്ളി. നിലവിൽ അന്വേഷണവും പ്രോസിക്യൂഷൻ നടപടികളും പുരോഗമിക്കുന്ന സാഹചര്യത്തിൽ പ്രത്യേകമായി കക്ഷിചേരൽ ആവശ്യമില്ലെന്നാണ് കോടതിയുടെ വിലയിരുത്തൽ.നെടുമങ്ങാട്ടെ ഒന്നര വയസുകാരന്റെ ദാരുണ മരണത്തെ തുടർന്ന് വലിയ ജനരോഷമാണ് ഉയർന്നത്. കുട്ടികൾക്കെതിരായ അതിക്രമങ്ങൾ തടയുന്നതിനും അന്വേഷണം വേഗത്തിലാക്കുന്നതിനും ശക്തമായ നടപടികൾ വേണമെന്ന ആവശ്യം വിവിധ കോണുകളിൽ നിന്ന് ഉയർന്നിരുന്നു. കേസിന്റെ വിചാരണ നടപടികൾ വൈകാതെ ആരംഭിക്കണമെന്ന ലക്ഷ്യത്തോടെയാണ് കുറ്റപത്രം ഉടൻ സമർപ്പിക്കാൻ ഹൈക്കോടതി നിർദേശം നൽകിയിരിക്കുന്നത്.

Leave a Reply

Your email address will not be published. Required fields are marked *