ന്യൂഡൽഹി: രാജ്യത്ത് ഇൻഷുറൻസ് പരിരക്ഷ ഇല്ലാത്ത വാഹനങ്ങൾക്കെതിരെ കർശന നടപടിയുമായി സുപ്രീം കോടതി. ഇനി മുതൽ വാഹനം ഇൻഷുറൻസ് ചെയ്തിട്ടില്ലെങ്കിൽ പെട്രോൾ പമ്പുകളിൽ നിന്ന് ഇന്ധനം ലഭിക്കാത്ത തരത്തിലുള്ള സംവിധാനം കൊണ്ടുവരാൻ കോടതി നിർദേശം നൽകി. റോഡുകളിൽ ഓടുന്ന വാഹനങ്ങളിൽ 56 ശതമാനവും ഇൻഷുറൻസ് ഇല്ലാത്തവയാണെന്ന് കണ്ടെത്തിയതിനെ തുടർന്നാണ് ജസ്റ്റിസ് സഞ്ജയ് കരോൾ, ജസ്റ്റിസ് പ്രശാന്ത് കുമാർ മിശ്ര എന്നിവരടങ്ങിയ ബെഞ്ചിന്റെ സുപ്രധാന ഉത്തരവ്.കണക്കുകൾ പ്രകാരം ആകെ രജിസ്റ്റർ ചെയ്ത 30.4 കോടി വാഹനങ്ങളിൽ 16.5 കോടിയിലധികം വാഹനങ്ങളും ഇൻഷുറൻസ് ഇല്ലാത്തവയാണ്. ഇതിൽ ഭൂരിഭാഗവും ഇരുചക്ര വാഹനങ്ങളാണ്. റോഡപകടങ്ങളിൽ പെടുന്നവരിൽ 22 ശതമാനവും ഇത്തരം ഇൻഷുറൻസില്ലാത്ത വാഹനങ്ങളാണ് ഉൾപ്പെടുന്നത്. മോട്ടോർ വാഹന നിയമത്തിലെ സെക്ഷൻ 146 പ്രകാരം ഏത് വാഹനത്തിനും തേർഡ് പാർട്ടി ഇൻഷുറൻസ് നിർബന്ധമാണെങ്കിലും, ഈ നിയമം പലരും പാലിക്കുന്നില്ലെന്ന് കോടതി ചൂണ്ടിക്കാണിച്ചു.ഇൻഷുറൻസില്ലാത്ത വാഹനങ്ങൾ കാരണം റോഡപകടങ്ങളിൽ ഇരയാകുന്നവർക്ക് കൃത്യസമയത്ത് നഷ്ടപരിഹാരം ലഭിക്കാത്ത സാഹചര്യം ഒഴിവാക്കാനാണ് കോടതി പുതിയ പദ്ധതികൾ നിർദേശിച്ചിരിക്കുന്നത്. ഇതിന്റെ ഭാഗമായി, ഇൻഷുറൻസ് സ്റ്റാറ്റസ് പരിശോധിച്ച ശേഷം മാത്രം വാഹനങ്ങൾക്ക് ഇന്ധനം നൽകുന്ന ഒരു പൈലറ്റ് പദ്ധതി രൂപീകരിക്കാൻ ഇൻഷുറൻസ് റെഗുലേറ്ററി ആൻഡ് ഡെവലപ്‌മെന്റ് അതോറിറ്റിയോട് കോടതി ആവശ്യപ്പെട്ടു. റോഡ് ഗതാഗത മന്ത്രാഗവുമായി കൂടിയാലോചിച്ച് ഇത് നടപ്പിലാക്കാനാണ് നിർദേശം. സാധുവായ ഇൻഷുറൻസ് ഇല്ലാത്ത പക്ഷം പമ്പുകളിൽ നിന്ന് ഇന്ധനം നിഷേധിക്കുമെന്നും, പെട്രോളിയം മന്ത്രാഗത്തിന് ഇതിൽ തത്വത്തിൽ എതിർപ്പില്ലെന്നും കോടതി വ്യക്തമാക്കി.ഇത്തരം നടപടികളിലൂടെ രജിസ്റ്റർ ചെയ്യാത്തതോ ഇൻഷുറൻസ് ഇല്ലാത്തതോ ആയ വാഹനങ്ങളെ എളുപ്പത്തിൽ കണ്ടെത്താൻ സാധിക്കുമെന്നും കൃത്യസമയത്ത് ഇൻഷുറൻസ് പുതുക്കാൻ വാഹന ഉടമകൾ നിർബന്ധിതരാകുമെന്നും കോടതി ചൂണ്ടിക്കാട്ടി. ഇതിനായി റോഡുകളിലെയും ഹൈവേകളിലെയും കാമറകൾ ഉപയോഗപ്പെടുത്താൻ കോടതി ഉത്തരവിട്ടിട്ടുണ്ട്. വാഹനങ്ങളുടെ നമ്പർ തിരിച്ചറിയുന്ന എ.എൻ.പി.ആർ കാമറകൾ ഇൻഷുറൻസ് ഇൻഫർമേഷൻ ബ്യൂറോയുടെയും ‘വാഹൻ’ പോർട്ടലിന്റെയും ഡാറ്റയുമായി ബന്ധിപ്പിക്കാനാണ് നിർദേശം. ഇൻഷുറൻസ് ഇല്ലാത്ത വാഹനങ്ങളെ ഈ കാമറകൾ വഴി കണ്ടെത്തുകയും ഉടമകൾക്ക് ഓട്ടോമാറ്റിക് ഇ-ചെലാൻ അയക്കുകയും ചെയ്യും. കൂടാതെ, ട്രാഫിക് പൊലീസിന് ഇൻഷുറൻസ് വിവരങ്ങൾ തത്സമയം പരിശോധിക്കാൻ കഴിയുന്ന ആപ്പുകളോടുകൂടിയ ഹാൻഡ്‌ഹെൽഡ് ഡിവൈസുകൾ നൽകാനും നിർദേശമുണ്ട്.മോട്ടോർ വാഹന നിയമപ്രകാരം ഇൻഷുറൻസില്ലാതെ വാഹനം ഓടിക്കുന്നത് കുറ്റകരമാണ്. ആദ്യ തവണത്തെ കുറ്റത്തിന് മൂന്ന് മാസം വരെ തടവോ 2,000 രൂപ പിഴയോ രണ്ടും കൂടിയോ ആണ് ശിക്ഷ. കുറ്റം ആവർത്തിക്കുകയാണെങ്കിൽ തടവ് ശിക്ഷയോ അല്ലെങ്കിൽ 4,000 രൂപ പിഴയോ ലഭിക്കാം. ഇതിനുപുറമെ, റോഡപകടങ്ങളിൽ ഇരയാകുന്നവർക്ക് നീതി ഉറപ്പാക്കുന്നതിന്റെ ഭാഗമായി പുതിയ കാറുകൾക്ക് മൂന്ന് വർഷത്തിന് പകരം നാല് വർഷത്തേക്കും, പുതിയ ഇരുചക്ര വാഹനങ്ങൾക്ക് അഞ്ച് വർഷത്തിന് പകരം ആറ് വർഷത്തേക്കും തേർഡ് പാർട്ടി ഇൻഷുറൻസ് നിർബന്ധമാക്കി സുപ്രീം കോടതി ഉത്തരവിന്റെ കാലാവധി നീട്ടിയിട്ടുണ്ട്.
ഇൻഷുറൻസ് ഇല്ലെങ്കിൽ വാഹനങ്ങൾക്ക് ഇന്ധനമില്ല; കടുത്ത നടപടി സ്വീകരിക്കാൻ കേന്ദ്രത്തിന് നിർദേശം നൽകി സുപ്രീം കോടതി
