കേരളത്തിലെ വോട്ടർ പട്ടിക തീവ്ര പരിഷ്കരണ നടപടികള്‍ ചോദ്യം ചെയ്തുള്ള ഹർജികള്‍ ഇന്ന് സുപ്രീം കോടതി പരിഗണിക്കും.സംസ്ഥാന സർക്കാരിനൊപ്പം കോണ്‍ഗ്രസ്, സിപിഐഎം, മുസ്ലിം ലീഗ് ഉള്‍പ്പെടെയുള്ള രാഷ്ട്രീയ പാർട്ടികള്‍ സമർപ്പിച്ച ഹർജികളിലാണ് സുപ്രീം കോടതി വാദം കേള്‍ക്കുന്നത്.വോട്ടർ പട്ടിക തീവ്ര പരിഷ്കരണവുമായി ബന്ധപ്പെട്ട നിയമസാധുത, നടപടിക്രമങ്ങള്‍, അർഹരായ വോട്ടർമാരെ പട്ടികയില്‍ നിന്ന് ഒഴിവാക്കിയെന്ന ആരോപണം എന്നിവയാണ് കോടതിയുടെ പ്രധാന പരിഗണനാ വിഷയങ്ങള്‍.തീവ്ര പരിഷ്കരണത്തിന്റെ പേരില്‍ ലക്ഷക്കണക്കിന് അർഹരായ വോട്ടർമാരെ മതിയായ പരിശോധനയോ നോട്ടീസോ നല്‍കാതെയാണ് പട്ടികയില്‍ നിന്ന് ഒഴിവാക്കിയതെന്നാണ് ഹർജിക്കാരുടെ വാദം. ഇത് ഭരണഘടന ഉറപ്പുനല്‍കുന്ന വോട്ടവകാശത്തെ ബാധിക്കുന്ന നടപടിയാണെന്നും ഹർജിയില്‍ ചൂണ്ടിക്കാട്ടുന്നു.അതേസമയം, വ്യാജ വോട്ടുകളും ഇരട്ട വോട്ടുകളും മരിച്ചവരുടെ പേരുകളും ഒഴിവാക്കി വോട്ടർ പട്ടിക കൂടുതല്‍ കൃത്യമാക്കുന്നതിനുള്ള ശുദ്ധീകരണ നടപടിയാണ് തീവ്ര പരിഷ്കരണമെന്ന് കേന്ദ്ര തിരഞ്ഞെടുപ്പ് കമ്മീഷൻ സുപ്രീം കോടതിയെ അറിയിച്ചിട്ടുണ്ട്. എല്ലാ നടപടികളും നിയമപ്രകാരമാണ് സ്വീകരിച്ചതെന്നും കമ്മീഷൻ വിശദീകരിക്കുന്നു.നേരത്തെ കേസ് പരിഗണിച്ചപ്പോള്‍, വോട്ടർ പട്ടികയില്‍ നിന്ന് പേര് ഒഴിവാക്കപ്പെടുന്നതുകൊണ്ട് ഒരാളുടെ പൗരത്വം നഷ്ടപ്പെടില്ല എന്ന് സുപ്രീം കോടതി വ്യക്തമാക്കിയിരുന്നു. എന്നാല്‍ വോട്ടവകാശവുമായി ബന്ധപ്പെട്ട പരാതികള്‍ നിയമപരമായി പരിശോധിക്കേണ്ടതുണ്ടെന്നും കോടതി നിരീക്ഷിച്ചിരുന്നു.തീവ്ര പരിഷ്കരണത്തിന്റെ അടിസ്ഥാനത്തില്‍ തയ്യാറാക്കിയ വോട്ടർ പട്ടികയാണ് സംസ്ഥാന നിയമസഭാ തിരഞ്ഞെടുപ്പില്‍ ഉപയോഗിച്ചത്. അതിനാല്‍ ഇന്നത്തെ വാദം ഭാവിയിലെ തിരഞ്ഞെടുപ്പ് നടപടിക്രമങ്ങള്‍ക്കും വോട്ടർ പട്ടിക തയ്യാറാക്കുന്ന രീതികള്‍ക്കും നിർണായകമായ മാർഗനിർദേശങ്ങള്‍ നല്‍കുമെന്ന പ്രതീക്ഷയിലാണ് രാഷ്ട്രീയ പാർട്ടികളും ഹർജിക്കാരും.
വോട്ടര്‍ പട്ടിക തീവ്ര പരിഷ്കരണം: ഹര്‍ജികള്‍ ഇന്ന് സുപ്രീം കോടതിയില്‍
