സ്ത്രീകൾ സ്വന്തം ഇഷ്ടപ്രകാരം ഇസ്ലാം മതം സ്വീകരിക്കാനോ ഇഷ്ടമുള്ളവരെ വിവാഹം കഴിക്കാനോ തീരുമാനിച്ചാൽ ആർക്കും ഇടപെടാനാവില്ലെന്ന് അലഹബാദ് ഹൈക്കോടതി. പ്രായപൂർത്തിയായ സ്ത്രീകളുടെ വ്യക്തിപരമായ തീരുമാനങ്ങളിൽ മാതാപിതാക്കൾ ഉൾപ്പെടെയുള്ള ആർക്കും ഇടപെടാനാവില്ലെന്ന് ഹൈക്കോടതി ചൂണ്ടിക്കാട്ടി. രണ്ട് സഹോദരിമാർ സമർപ്പിച്ച ഹർജിയിലാണ് ജസ്റ്റിസ് സന്ദീപ് ജെയിൻ അധ്യക്ഷനായ ബെഞ്ചിന്റെ നിരീക്ഷണം.ഹിന്ദുമതം ഉപേക്ഷിച്ച് ഇസ്ലാം മതം സ്വീകരിച്ച് ഇഷ്ടമുള്ള പുരുഷന്മാരെ വിവാഹം കഴിക്കാൻ തീരുമാനിച്ചതിന് പിതാവ് യുവതികളെ തടവിലാക്കിയിരുന്നു. ഇതിനെതിരെയാണ് സഹോദരിമാർ കോടതിയെ സമീപിച്ചത്. സ്ത്രീകൾ പ്രായപൂർത്തിയായവരാണെന്നും അതിനാൽ വിവാഹം, താമസസ്ഥലം, ഭാവി എന്നിവയെക്കുറിച്ച് തീരുമാനങ്ങൾ എടുക്കാൻ അവർക്ക് അധികാരമുണ്ടെന്നും കോടതി ചൂണ്ടിക്കാട്ടി.സ്ത്രീകളുടെ തീരുമാനങ്ങളിൽ ഇടപെട്ടാൽ സ്വകാര്യത, വ്യക്തിസ്വാതന്ത്ര്യം, സ്വയം തീരുമാനമെടുക്കാനുള്ള അവകാശം എന്നിവയുടെ ഭരണഘടനാ ലംഘനമായിരിക്കുമെന്നും കോടതി ചൂണ്ടിക്കാട്ടി.ഇരുവരും സ്വന്തം ഇഷ്ടപ്രകാരമാണ് ഇസ്ലാം മതം സ്വീകരിച്ചതും തങ്ങൾ തിരഞ്ഞെടുത്ത വ്യക്തികളെ വിവാഹം കഴിക്കാൻ തീരുമാനിച്ചതെന്നും ഹർജിയിൽ വ്യക്തമാണ്. യുവതികളെ കോടതിയിൽ ഹാജരാക്കാൻ ഉത്തർപ്രദേശ് സർക്കാരിനും ഇവരുടെ പിതാവിനും ഹൈക്കോടതി നിർദേശം നൽകി.
‘പ്രായപൂർത്തിയായ സ്ത്രീകൾ സ്വമേധയാ ഇസ്ലാം മതം സ്വീകരിച്ചാൽ മറ്റാർക്കും ഇടപെടാനാവില്ല’: അലഹബാദ് ഹൈക്കോടതി
