ന്യൂഡൽഹി: മധുരയിലെ തിരുപ്പരൻകുണ്ഡ്രം മലമുകളിലെ ദീപത്തൂണിൽ കാർത്തിക ദീപം തെളിയിക്കാൻ അനുമതി നൽകിയ മദ്രാസ് ഹൈക്കോടതി വിധിക്കെതിരെ തമിഴ്നാട് സർക്കാർ നൽകിയ ഹർജിയിൽ സുപ്രീം കോടതി സ്റ്റേ അനുവദിക്കാൻ വിസമ്മതിച്ചു. ഇതോടെ ഹൈക്കോടതിയുടെ ഉത്തരവ് നിലവിൽ തുടരും. അതേസമയം, കേസിൽ വിശദമായ വാദം കേൾക്കുന്നതിനായി ഹർജിക്കാരനായ രാമ രവികുമാർ, മധുര ജില്ലാ കളക്ടർ, ആർക്കിയോളജിക്കൽ സർവ്വേ ഓഫ് ഇന്ത്യ , തമിഴ്നാട് വഖഫ് ബോർഡ് എന്നിവർക്കും സുപ്രീം കോടതി നോട്ടീസ് അയച്ചു.ജോസഫ് വിജയ് നേതൃത്വം നൽകുന്ന തമിഴ്നാട് സർക്കാർ, ദീപത്തൂൺ സ്ഥിതിചെയ്യുന്ന പ്രദേശം സിക്കന്ദർ ബദുഷാ ദർഗയ്‌ക്ക് സമീപമുള്ള അതീവ സെൻസിറ്റീവ് മേഖലയാണെന്നും, അവിടെ ദീപം തെളിയിക്കാൻ അനുമതി നൽകുന്നത് നിയമ-സമാധാന പ്രശ്നങ്ങൾക്ക് ഇടയാക്കാമെന്നുമാണ് സുപ്രീം കോടതിയിൽ വാദിച്ചത്. എന്നാൽ, ഈ ഘട്ടത്തിൽ ഹൈക്കോടതി വിധി തടയേണ്ട സാഹചര്യമില്ലെന്നാണ് സുപ്രീം കോടതിയുടെ പ്രാഥമിക നിലപാട്. മുരുക ഭക്തരുടെ ആചാരാവകാശങ്ങൾ തടയാനുള്ള തമിഴ്‌നാട് സർക്കാരിന്റെ നീക്കത്തിനാണ് സുപ്രീം കോടതിയിൽ തിരിച്ചടിയുണ്ടായിരിക്കുന്നത്.മദ്രാസ് ഹൈക്കോടതി നേരത്തെ ഭക്തരുടെ ആരാധനാ അവകാശം സംരക്ഷിച്ചുകൊണ്ട് ദീപം തെളിയാൻ അനുമതി നൽകിയിരുന്നു. മതപരമായ ആചാരങ്ങൾ സമാധാനപരമായി നടത്താൻ ഭരണകൂടം ആവശ്യമായ സുരക്ഷാ ക്രമീകരണങ്ങൾ ഒരുക്കണമെന്നും കോടതി നിർദേശിച്ചിരുന്നു. സർക്കാരിന്റെ അപ്പീലിൽ സ്റ്റേ അനുവദിക്കാതിരുന്നതോടെ ഹൈക്കോടതി വിധിക്ക് നിലവിൽ നിയമസാധുത തുടരുകയാണ്. കേസിൽ എതിർകക്ഷികളുടെ മറുപടി ലഭിച്ച ശേഷം സുപ്രീം കോടതി തുടർവാദം കേൾക്കും.ഈ കേസിലെ സുപ്രീം കോടതിയുടെ നിലപാട്, ആരാധനാ സ്വാതന്ത്ര്യം, പൈതൃകസ്ഥലങ്ങളുടെ ഉപയോഗം, പൊതുസമാധാനം എന്നീ വിഷയങ്ങളിൽ നിർണായകമായ നിയമപരമായ ചർച്ചകൾക്ക് വഴിതുറക്കുന്നതായാണ് നിയമവിദഗ്ധർ വിലയിരുത്തുന്നത്
തിരുപ്പരൻകുണ്ഡ്രം ദീപം തെളിക്കൽ കേസ് ; വിജയ് സർക്കാരിന് സുപ്രീം കോടതിയിൽ കനത്ത തിരിച്ചടി
