ഗുരുവായൂർ ശ്രീകൃഷ്ണ ക്ഷേത്രത്തിൽ ഏകാദശിയോടനുബന്ധിച്ച് നടത്തുന്ന കോടതി വിളക്ക് എന്ന ചടങ്ങിന് കൂടുതൽ അനുയോജ്യമായ മറ്റൊരു പേര് നൽകുന്നത് പരിഗണിക്കാൻ ഹൈക്കോടതി നിർദേശം. ബന്ധപ്പെട്ട എല്ലാ കക്ഷികളെയും കേട്ടശേഷം മൂന്ന് മാസത്തിനകം വിഷയം പരിശോധിച്ച് തീരുമാനമെടുക്കാൻ ഗുരുവായൂർ ദേവസ്വം മാനേജിങ് കമ്മിറ്റിയോട് ജസ്റ്റിസ് വി. രാജവിജയരാഘവൻ, ജസ്റ്റിസ് കെ.വി. ജയകുമാർ എന്നിവരുൾപ്പെട്ട ദേവസ്വം ബെഞ്ച് ഉത്തരവിട്ടു.’കോടതി വിളക്ക്’ എന്ന പേര് മതാചാരപരമായ ഒരു ചടങ്ങിൽ നീതിന്യായ സംവിധാനത്തിന് പങ്കുണ്ടെന്ന തെറ്റായ ധാരണ പൊതുജനങ്ങളിൽ ഉണ്ടാക്കാൻ ഇടയാക്കുമെന്ന നിരീക്ഷണത്തിലാണ് കോടതി നടപടി. ജുഡീഷ്യറിയുടെ സ്ഥാപനപരമായ നിഷ്പക്ഷത നിലനിർത്താൻ അനുയോജ്യമായ മറ്റ് പേരുകൾ പരിഗണിക്കുന്നതാണ് ഉചിതമെന്ന് കോടതി വിലയിരുത്തി.അതേസമയം, വിളക്ക് വഴിപാട് നടത്തുന്നതിന് ഭരണഘടനാപരമായ തടസ്സങ്ങളൊന്നുമില്ലെന്നും അത് നിരോധിക്കേണ്ടതില്ലെന്നും ഹൈക്കോടതി വ്യക്തമാക്കി. ചാവക്കാട് കോടതിയിലെ അഭിഭാഷകരും ജീവനക്കാരുമാണ് വർഷങ്ങളായി ഈ ചടങ്ങ് നടത്തുന്നത്. ഇതിൽ ജുഡീഷ്യൽ ഓഫീസർമാർ നിർബന്ധമായും പങ്കെടുക്കണമെന്ന് വ്യവസ്ഥയില്ലെന്നും കോടതി നിരീക്ഷിച്ചു.കോടതി വിളക്ക് സംഘാടനത്തിൽ തൃശൂർ ജില്ലയിലെ ജുഡീഷ്യൽ ഓഫീസർമാർ സജീവമായി പങ്കെടുക്കരുതെന്ന് 2022-ൽ ഹൈക്കോടതി നിർദേശം നൽകിയിരുന്നു. ഇതിൽ കോടതി വിളക്ക് എന്ന പേര് ഉപയോഗിക്കുന്നത് തടയുന്ന കാര്യം പരിഗണിക്കണമെന്നും വ്യക്തമാക്കിയിരുന്നു. ഈ നിർദേശം കൃത്യമായി പാലിക്കപ്പെടുന്നില്ലെന്ന് ചൂണ്ടിക്കാട്ടി ഗുരുവായൂർ ഗുരുബാബ ആശ്രമം അഡ്മിനിസ്ട്രേറ്റർ രാജേശ്വരി നൽകിയ പരാതിയുടെ അടിസ്ഥാനത്തിൽ എടുത്ത സ്വമേധയാ കേസ് തീർപ്പാക്കിക്കൊണ്ടാണ് പുതിയ ഉത്തരവ്.
ഗുരുവായൂർ ‘കോടതി വിളക്ക്’ നിരോധിക്കില്ല; പേരുമാറ്റം പരിഗണിക്കാൻ ഹൈക്കോടതി നിർദ്ദേശം
