ന്യൂഡൽഹി:സുപ്രീം കോടതിയുടെ സെക്രട്ടറി ജനറലിൻ്റെയോ ഹൈക്കോടതികളുടെ രജിസ്ട്രാർ ജനറൽമാരുടെയോ മുൻകൂർ അനുമതിയില്ലാതെ കോടതി നടപടികളുടെ ഓഡിയോ-വീഡിയോ ദൃശ്യങ്ങൾ സോഷ്യൽ മീഡിയയിലോ മറ്റ് ഡിജിറ്റൽ പ്ലാറ്റ്‌ഫോമുകളിലോ പോസ്റ്റ് ചെയ്യുന്നതോ റീപോസ്റ്റ് ചെയ്യുന്നതോ അപ്‌ലോഡ് ചെയ്യുന്നതോ വിലക്കി സുപ്രീം കോടതി.കോടതി നടപടികളുടെ തത്സമയ സംപ്രേഷണവും (ലൈവ് സ്ട്രീമിംഗ്) അവയുടെ വീഡിയോകൾ സോഷ്യൽ മീഡിയയിൽ പ്രചരിപ്പിക്കുന്നതും ദുരുപയോഗം ചെയ്യപ്പെടുന്നതിനെതിരായ ഹർജിയിൽ കേന്ദ്ര സർക്കാരിനോടും മറ്റുള്ളവരോടും കോടതി പ്രതികരണം തേടി. മാധ്യമപ്രവർത്തക ഹർഷിത ഗ്രോവർ സമർപ്പിച്ച പൊതുതാൽപ്പര്യ ഹർജി പരിഗണിക്കുന്നതിനിടെയാണ് ചീഫ് ജസ്റ്റിസ് സൂര്യ കാന്ത്, ജസ്റ്റിസുമാരായ ജോയ്‌മല്യ ബാഗ്‌ചി, വി. മോഹന എന്നിവരടങ്ങുന്ന ബെഞ്ചാണ് ഇക്കാര്യത്തിൽ ഉത്തരവിറക്കിയത്. ഓൺലൈനിൽ വ്യാപകമായി പ്രചരിക്കുന്ന പലപ്പോഴും സന്ദർഭത്തിന് പുറത്തുള്ളതും പണമുണ്ടാക്കുന്നതിനായി ഉപയോഗിക്കുന്നതുമായ കോടതി നടപടികളുടെ ഓഡിയോ വിഷ്വൽ റെക്കോർഡിംഗുകളുടെ ക്ലിപ്പിംഗ്, എഡിറ്റിംഗ്, വാണിജ്യപരമായ ചൂഷണം എന്നിവ നിയന്ത്രിക്കുന്നതിനുള്ള മാർഗ്ഗനിർദ്ദേശങ്ങൾ ഹർജിയിൽ ആവശ്യപ്പെട്ടു. ഇന്ത്യയിലെ കോടതികൾ നടപടിക്രമങ്ങൾ തത്സമയം സംപ്രേഷണം ചെയ്യാൻ തുടങ്ങിയതിനുശേഷം വാദം കേൾക്കലുകളുടെ ക്ലിപ്പുകൾ സോഷ്യൽ മീഡിയയിൽ വ്യാപകമായി പങ്കിടുന്നുണ്ട്.ഒരു ഇടക്കാല നടപടിയെന്ന നിലയിൽ, ഈ കോടതിയുടെ സെക്രട്ടറി ജനറലിൻ്റെയോ ബന്ധപ്പെട്ട ഹൈക്കോടതികളുടെ രജിസ്ട്രാർ ജനറലിൻ്റെയോ മുൻകൂർ അനുമതിയില്ലാതെ, ജുഡീഷ്യൽ നടപടികളുടെ ഓഡിയോ-വീഡിയോ ദൃശ്യങ്ങൾ സോഷ്യൽ മീഡിയയിലോ മറ്റ് ഡിജിറ്റൽ പ്ലാറ്റ്‌ഫോമുകളിലോ വേർതിരിച്ചെടുക്കുകയോ (extraction), മാറ്റം വരുത്തുകയോ, പ്രചരിപ്പിക്കുകയോ, പോസ്റ്റ് ചെയ്യുകയോ, റീപോസ്റ്റ് ചെയ്യുകയോ, അപ്‌ലോഡ് ചെയ്യുകയോ ചെയ്യാൻ പാടില്ലെന്ന് നിർദ്ദേശിക്കുന്നു,” ബെഞ്ച് വ്യക്തമാക്കി.ഹർജിക്കാരിക്ക് വേണ്ടി ഹാജരായ മുതിർന്ന അഭിഭാഷകൻ വികാസ് സിംഗ്, സോഷ്യൽ മീഡിയയിലും മറ്റ് ഡിജിറ്റൽ പ്ലാറ്റ്‌ഫോമുകളിലും കോടതി നടപടികളുടെ വീഡിയോകൾ ദുരുപയോഗം ചെയ്യുന്ന വിഷയം ചൂണ്ടിക്കാട്ടി. സിംഗിൻ്റെ വാദത്തോട് യോജിച്ച സോളിസിറ്റർ ജനറൽ തുഷാർ മേത്ത, ഇക്കാര്യത്തിൽ നിയന്ത്രണങ്ങൾ ആവശ്യമാണെന്ന് അഭിപ്രായപ്പെട്ടു. ഡിജിറ്റൽ ഡാറ്റ നിയന്ത്രിക്കുന്നത് ഡിജിറ്റൽ മേഖലയിലെ ഏറ്റവും വലിയ വെല്ലുവിളികളിൽ ഒന്നായി മാറിയിരിക്കുന്നുവെന്ന് ജസ്റ്റിസ് ജോയ്‌മല്യ ബാഗ്ചി അഭിപ്രായപ്പെട്ടു.കോടതി നടപടികളുടെ നിയമാനുസൃത വാർത്താ റിപ്പോർട്ടിംഗിനെ ഇടക്കാല വിലക്ക് തടസപ്പെടുത്തില്ലെന്ന് കോടതി വ്യക്തമാക്കി. ഹർജിയിൽ കേന്ദ്ര സർക്കാരിനും, എല്ലാ ഹൈക്കോടതികൾക്കും, മെറ്റാ, എക്‌സ് ഉൾപ്പെടെയുള്ള സോഷ്യൽ മീഡിയ ഇടനിലക്കാർക്കും നോട്ടീസ് അയച്ചിട്ടുണ്ട്
അനുമതിയില്ലാതെ കോടതി നടപടികൾ സോഷ്യൽ മീഡിയയിൽ പോസ്റ്റ് ചെയ്യരുത്; ഉത്തരവുമായി സുപ്രീം കോടതി
