കൊച്ചി: വഖഫ് ബോർഡ് സർക്കാരിന് പുനഃസംഘടിപ്പിക്കാമെന്ന് ഹൈക്കോടതി. ജുഡീഷ്യൽ സിറ്റിങ് നടത്തുന്നതിന് ബോർഡിന് വിലക്കില്ലെന്നും ഹൈക്കോടതി വ്യക്തമാക്കി. ബോർഡ് രൂപീകരണത്തിൽ പിഴവുണ്ടോയെന്ന് സർക്കാർ പരിശോധിക്കണം. വഖഫ് ബോർഡ് പുനഃസംഘടിപ്പിക്കുന്നതിൽ ഇടപെടുന്നില്ലെന്നും കോടതി വ്യക്തമാക്കി.വഖഫ് ബോർഡിൽ അമുസ്ലിംകളെ ഉൾപ്പെടുത്താമെന്ന സർക്കാർ നിലപാട് അഡ്വക്കറ്റ് ജനറൽ കോടതിയെ അറിയിച്ചു. കഴിഞ്ഞ സർക്കാർ 11 അംഗ വഖഫ് ബോർഡിൽ ഒമ്പത് അംഗങ്ങളെയാണ് നിയമിച്ചത്. വഖഫ് ഭേദഗതി നിയമപ്രകാരം രണ്ട് അംഗങ്ങൾ ഇതര മതസ്ഥരായിരിക്കണം. ഇത് ഒഴിച്ചിട്ടാണ് കഴിഞ്ഞ സർക്കാർ ബോർഡ് രൂപീകരിച്ചത്. ഈ രണ്ട് അംഗങ്ങളുടെ നിയമനം എന്തിനാണ് വൈകിപ്പിക്കുന്നത് എന്നും ഹൈക്കോടതി ചോദിച്ചു.വഖഫ് ബോർഡിൽ അമുസ്ലിം അംഗങ്ങളില്ലെന്ന് ചൂണ്ടിക്കാട്ടി ബിജെപി നേതാവ് ഷോൺ ജോർജും ചില ക്രിസ്ത്യൻ സംഘടനകളും സമർപ്പിച്ച ഹരജി പരിഗണിച്ച ഹൈക്കോടതി നേരത്തെ വഖഫ് ബോർഡ് പ്രവർത്തനത്തിന് നിയന്ത്രണം ഏർപ്പെടുത്തിയിരുന്നു. എന്നാൽ വഖഫ് ബോർഡിന്റെ ദൈനംദിന പ്രവർത്തനങ്ങൾ സംസ്ഥാന സർക്കാരിന്റെ ജോയിന്റ് സെക്രട്ടറിയുടെ നേരിട്ടുള്ള മേൽനോട്ടത്തിലാക്കണമെന്ന ഹൈക്കോടതിയുടെ ഉത്തരവ് സുപ്രിംകോടതി പിന്നീട് റദ്ദാക്കിയിരുന്നു.
വഖഫ് ബോർഡ് സർക്കാരിന് പുനഃസംഘടിപ്പിക്കാം; ജുഡീഷ്യൽ സിറ്റിംഗിന് വിലക്കില്ല: ഹൈക്കോടതി
