ഡല്‍ഹി: കൊലപാതകക്കേസില്‍ ആറ് പ്രതികളെ വെറുതെവിട്ട് സുപ്രീംകോടതി. ഇരയുടെ മകന്‍ ഉള്‍പ്പെടെ ഭൂരിഭാഗം സാക്ഷികളും കൂറുമാറിയ കേസിലാണ് സുപ്രീംകോടതി പ്രതികളെ വെറുതെവിട്ടത്.പരിഹരിക്കപ്പെടാത്ത കുറ്റകൃത്യത്തെക്കുറിച്ചോര്‍ത്തുളള ഹൃദയവേദനയോടെ പ്രതികളെ വെറുതെവിടുകയാണ്’ എന്നാണ് ജസ്റ്റിസുമാരായ സുധാന്‍ഷു ധൂലിയ, കെ വിനോദ് ചന്ദ്രന്‍ എന്നിവരടങ്ങിയ ബെഞ്ച് പറഞ്ഞത്. കേസില്‍ 87 സാക്ഷികളില്‍ 71 പേരും മൊഴിമാറ്റിയതോടെ തെളിവുകളുടെ അഭാവത്തില്‍ പ്രതികളെ വിട്ടയക്കാന്‍ വിധിക്കുകയായിരുന്നു. പ്രതികള്‍ കുറ്റക്കാരെന്ന് വിധിച്ച 2023 സെപ്തംബറിലെ കര്‍ണാടക ഹൈക്കോടതിയുടെ വിധി സുപ്രീംകോടതി റദ്ദാക്കി.
വിചാരണാക്കോടതി നേരത്തെ പ്രതികളെ കുറ്റവിമുക്തരാക്കിയിരുന്നെങ്കിലും ഹൈക്കോടതി കുറ്റക്കാരെന്ന് കണ്ടെത്തുകയായിരുന്നു. വിശ്വസനീയമല്ലാത്ത സാക്ഷിമൊഴികള്‍ കാരണം കേസ് അവസാനിപ്പിക്കേണ്ടി വന്നതില്‍ സുപ്രീംകോടതി ആശങ്ക പ്രകടിപ്പിച്ചു. നേരത്തെ നല്‍കിയ മൊഴികള്‍ നിഷേധിക്കാനും അന്വേഷണ ഘട്ടത്തില്‍ നടത്തിയ പ്രസ്താവനകള്‍ തളളിപ്പറയാനും സാക്ഷികള്‍ തയ്യാറായി എന്നത് അസ്വസ്ഥതയുണ്ടാക്കുന്ന കാര്യമാണെന്നും ഇരയുടെ മകനടക്കം തന്റെ പിതാവിന്റെ കൊലയാളികളെ തിരിച്ചറിയാന്‍ അവസാന നിമിഷം സാധിക്കുന്നില്ലാ എന്നത് ബുദ്ധിമുട്ടുണ്ടാക്കുന്ന കാര്യമാണെന്നും കോടതി പറഞ്ഞു.