എഥനോള്‍ പെട്രോള്‍ ഒഴിച്ച്‌ എന്‍ജിന്‍ തകരാറായി; 21 ലക്ഷം രൂപയുടെ കാര്‍ മാറ്റി നല്‍കണമെന്ന് ഉപഭോക്തൃ കോടതി

എഥനോള്‍ പെട്രോള്‍ ഒഴിച്ച്‌ വാഹനം തകരാറിലായെന്ന പരാതിയില്‍ ഉപഭോക്താവിന് പുതിയ വാഹനം നല്‍കാന്‍ ഉത്തരവ്.ഛത്തീസ്ഗഡ് റായ്പൂര്‍ സ്വദേശിയായ ഡോ. പ്രേംരാജ് ദേവത് എന്നയാള്‍ക്കാണ് പുതിയ വാഹനം നല്‍കാന്‍ ഉപഭോക്തൃ തര്‍ക്ക പരിഹാരം കമ്മീഷന്‍ ഉത്തരവിട്ടത്. പുതിയ വാഹനം നല്‍കിയില്ലെങ്കില്‍ 45 ദിവസത്തിനുള്ളില്‍ 21 ലക്ഷം രൂപ നഷ്ടപരിഹാരമായി നല്‍കണമെന്ന് കമ്മീഷന്‍ ഉത്തരവിട്ടു. വാഹന നിര്‍മാതാക്കളായ മാരുതി സുസുക്കിയോടും ഡീലര്‍മാരോടുമാണ് കോടതി നിര്‍ദേശം.2023ലാണ് പ്രേംരാജ് 20.50 ലക്ഷം രൂപയ്ക്ക് മാരുതി ഗ്രാര്‍ഡ് വിതാര വാങ്ങുന്നത്. 21,000 കിലോമീറ്ററോളം ഓടിയ ശേഷം എന്‍ജിന്‍ നിരന്തരം ഓഫാകാന്‍ തുടങ്ങി. എഞ്ചിനിലും പൈപ്പിലും വെളുത്ത ജെല്ലി പോലെയുള്ള പദാര്‍ഥം അടിഞ്ഞ് ഇന്ധനപ്രവാഹം തടസപ്പെടുകയായിരുന്നു. കാറില്‍ എഥനോള്‍ പെട്രോള്‍ ഉപയോഗിച്ചതാണ് എന്‍ജിന്‍ തകരാറാവാന്‍ കാരണമായത്. നിരന്തരം സര്‍വീസ് സെന്ററില്‍ കയറ്റിയിട്ടും പ്രശ്‌നം പരിഹരിക്കാനായില്ല തുടര്‍ന്നാണ് പ്രേംരാജ് കോടതിയെ സമീപിച്ചത്.പ്രേംരാജിന്റെ പരാതി നിര്‍മാതാക്കളും ഡീലറും നിഷേധിച്ചു. വാഹന നിര്‍മാണത്തില്‍ തകരാറില്ലെന്നും ഗുണനിലവാരമില്ലാത്ത ഇന്ധനം ഉപയോഗിച്ചതാകാം പ്രശ്‌നമായതെന്നും സുസുകി വാദിച്ചു. എന്നാല്‍ വാങ്ങുന്ന സമയത്ത് എഥനോള്‍ പെട്രോളിന് മാത്രം അനുയോജ്യമായ വാഹനമാണെന്ന വിവരം മറച്ച്‌ വച്ചുവെന്ന് പരാതിക്കാരന്‍ ചൂണ്ടിക്കാട്ടി. ഇതോടെ C20 പെട്രോളിന് അനുയോജ്യമായ എന്‍ജിനുള്ള വാഹനം പകരം നല്‍കാന്‍ കമ്മീഷന്‍ നിര്‍ദേശിച്ചു. കാര്‍ മാറ്റി നല്‍കിയില്ലെങ്കില്‍ വിലയായ 20.50 ലക്ഷം രൂപ നല്‍കണം. മാനസിക പ്രയാസമുണ്ടാക്കിയതിന് ഒരു ലക്ഷം രൂപയും കോടതി ചെലവുകള്‍ക്കായി പതിനായിരം രൂപയും നല്‍കാനാണ് നിര്‍ദേശം. നാല്‍പത്തിയഞ്ച് ദിവസത്തിനകം നല്‍കിയില്ലെങ്കില്‍ വര്‍ഷം 7 ശതമാനം പലിശകൂടി കണക്കാക്കിയുള്ള തുക നല്‍കണമെന്നും ഉപഭോക്തൃ തര്‍ക്ക കമ്മീഷന്‍ ഉത്തരവിട്ടു.

Leave a Reply

Your email address will not be published. Required fields are marked *