കോടതി മുറിയില്‍ ദുര്‍മന്ത്രവാദം; ജഡ്‌ജിയുടെ കസേരയില്‍ കടുക് വിതറി, 65കാരി അറസ്റ്റില്‍

കോടതിമുറിയില്‍ കയറി ജഡ്‌ജിയുടെ കസേരയില്‍ ദുർമന്ത്രവാദം നടത്തിയ സ്‌ത്രീയെ പൊലീസ് അറസ്റ്റ് ചെയ്‌തു.65കാരിയായ മഞ്ചുളയാണ് അറസ്റ്റിലായത്. കർണാടകയിലെ ചിക്കബല്ലാപുരയിലെ ഒന്നാം അഡീഷണല്‍ സീനിയർ ജഡ്‌ജിയുടെ കസേരയില്‍ മന്ത്രവാദം നടത്തിയെന്നാരോപിച്ചാണ് ഇവരെ കസ്റ്റഡിയില്‍ എടുത്തത്.കോടതിമുറിയില്‍ അനുവാദമില്ലാതെ പ്രവേശിച്ച മഞ്ചുള, മന്ത്രവാദത്തിന്റെ ഭാഗമെന്ന് കരുതുന്ന വിധത്തില്‍ മന്ത്രോച്ചാരണം നടത്തിയ വെളുത്ത കടുക് ജഡ്‌ജിയുടെ കസേരയിലേക്ക് വിതറുകയായിരുന്നു. രണ്ട് ദിവസങ്ങള്‍ക്ക് മുൻപ് കോടതിമുറിയിലെ സിസിടിവി ദൃശ്യങ്ങള്‍ പരിശോധിച്ചപ്പോഴാണ് സംഭവം പുറത്തറിയുന്നത്.കോടതിയിലെ ചീഫ് അഡ്‌മിനിസ്‌ട്രേറ്റീവ് ഓഫീസറായ നേത്ര നല്‍കിയ പരാതിയുടെ അടിസ്ഥാനത്തില്‍ പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു. തുടർന്ന് മഞ്ചുളയെ അറസ്റ്റ് ചെയ്യുകയായിരുന്നു.ദുർമന്ത്രവാദം തടയുന്നതിനായുള്ള നിയമപ്രകാരമാണ് മഞ്ചുളയ്‌ക്കെതിരെ കേസ് രജിസ്‌റ്റർ ചെയ്‌തത്. പ്രതിയെ 14 ദിവസത്തേയ്‌ക്ക് ജുഡീഷ്യല്‍ കസ്റ്റഡിയില്‍ റിമാൻഡ് ചെയ്‌തതായി പൊലീസ് അറിയിച്ചു. സംഭവത്തില്‍ കൂടുതല്‍ പേർ ഉള്‍പ്പെട്ടിട്ടുണ്ടോയെന്ന് വിശദമായി അന്വേഷിക്കുകയാണ് പൊലീസ്.

Leave a Reply

Your email address will not be published. Required fields are marked *