കേന്ദ്രസര്‍ക്കാരിന് സുപ്രീം കോടതിയുടെ കര്‍ശന നിര്‍ദേശം; ‘രാജ്യത്ത് നിര്‍മ്മിക്കുന്ന എല്ലാ റോഡുകളിലും നടപ്പാതകള്‍ അനിവാര്യമാക്കണം’

പൊതുറോഡുകളിലെ നടപ്പാതകളിലൂടെ തടസ്സമില്ലാതെ നടക്കുന്നത് പൗരന്റെ മൗലികാവകാശമാണെന്ന് സുപ്രീംകോടതി. സുരക്ഷിതവും തടസ്സരഹിതവുമായ നടപ്പാതകള്‍ ഉറപ്പാക്കേണ്ടത് ഭരണകൂടത്തിന്റെ ഉത്തരവാദിത്തമാണെന്ന് വ്യക്തമാക്കിയ കോടതി, രാജ്യത്തെ എല്ലാ റോഡുകളിലും കാല്‍നടയാത്രക്കാർക്കായി നടപ്പാതകള്‍ നിർബന്ധമാക്കാൻ കേന്ദ്ര സർക്കാരിന് നിർദേശം നല്‍കി.കാല്‍നടയാത്രക്കാരുടെ സുരക്ഷ ഉറപ്പാക്കുന്നതുമായി ബന്ധപ്പെട്ട ഒരു ഹർജി പരിഗണിക്കവെയാണ് സുപ്രീംകോടതിയുടെ സുപ്രധാന നിരീക്ഷണം.റോഡുകളില്‍ വാഹനങ്ങള്‍ വർദ്ധിക്കുന്നതും അവയുടെ സുഗമമായ യാത്രയും ചൂണ്ടിക്കാണിച്ച്‌ കാല്‍നടയാത്രക്കാരുടെ അവകാശങ്ങള്‍ ഇല്ലാതാക്കാൻ കഴിയില്ലെന്ന് കോടതി ഓർമ്മിപ്പിച്ചു. പൗരന്മാർക്ക് അപകടമില്ലാതെ, തടസ്സരഹിതമായി നടക്കാനുള്ള സൗകര്യം അധികൃതർ ഒരുക്കണം. കാല്‍നടയാത്രക്കാരുടെ സുരക്ഷ ഭരണഘടന ഉറപ്പുനല്‍കുന്ന ജീവിക്കാനുള്ള അവകാശത്തിന്റെ ഭാഗമാണെന്ന് കോടതി ചൂണ്ടിക്കാട്ടി. രാജ്യത്തെ നടപ്പാതകള്‍ കേവലം കോണ്‍ക്രീറ്റ് കട്ടകള്‍ മാത്രമാകരുത്, അവ ഭിന്നശേഷിക്കാർക്ക് കൂടി എളുപ്പത്തില്‍ ഉപയോഗിക്കാൻ കഴിയുന്ന രീതിയില്‍ ഭിന്നശേഷി സൗഹൃദമായി നിർമ്മിക്കണമെന്നും കോടതി കർശന നിർദേശം നല്‍കി. എല്ലാ പുതിയ റോഡ് വികസന പദ്ധതികളിലും നടപ്പാതകള്‍ അനിവാര്യമായ ഘടകമാക്കണമെന്നും നിലവിലുള്ള നടപ്പാതകളിലെ കൈയേറ്റങ്ങള്‍ അടിയന്തരമായി ഒഴിപ്പിക്കണമെന്നും കോടതി വിവിധ സംസ്ഥാനങ്ങള്‍ക്കും നിർദേശം നല്‍കിയിട്ടുണ്ട്.

Leave a Reply

Your email address will not be published. Required fields are marked *