മൈക്രോഫിനാൻസ് തട്ടിപ്പ് കേസ്; വെള്ളാപ്പള്ളി നടേശന് കുരുക്ക്, ആദ്യ കുറ്റപത്രത്തിന് അംഗീകാരത്തിന് നല്‍കി വിജിലൻസ് ഡയറക്ടര്‍

മൈക്രോഫിനാൻസ് തട്ടിപ്പ് കേസില്‍ എസ്‌എൻഡിപി യോഗം ജനറല്‍ സെക്രട്ടറി വെള്ളാപ്പള്ളി നടേശനെതിരായ ആദ്യ കുറ്റപത്രത്തിന് അംഗീകാരം.വിജിലൻസ് ഡയറക്ടറാണ് കുറ്റപത്രത്തിന് അംഗീകാരം നല്‍കിയത്. ഇക്കാര്യം ഹൈക്കോടതിയെ അറിയിച്ചു. 2014 ല്‍ വയനാട് യൂണിയന് 10 ലക്ഷം രൂപ നല്‍കിയതിലെ ക്രമക്കേടിലാണ് കുറ്റപത്രം തയ്യാറായത്. വെള്ളാപ്പള്ളി നടേശൻ, എം എൻ സോമൻ, വയനാട് എസ്‌എൻഡിപി യൂണിയൻ ഭാരവാഹികള്‍, ഉദ്യോഗസ്ഥർ അടക്കമുള്ളവരാണ് കേസിലെ പ്രതികള്‍. അഴിമതി നിരോധന നിയമം ചുമത്തിയതിനാല്‍ സ‍ർക്കാർ പ്രോസിക്യൂഷൻ അനുമതി നല്‍കണം.വെള്ളാപ്പള്ളി നടേശനെതിരായ രണ്ട് കേസുകളില്‍ കൂടി അന്വേഷണം പൂർത്തിയായിയിട്ടുണ്ട്. 70 കേസുകളിലാണ് അന്വേഷണം തുടരുന്നത്. 2016ലാണ് വി എസ് അച്യുതാനന്ദന്റെ പരാതിയില്‍ വെള്ളാപ്പള്ളി നടേശനെതിരെ കേസ് അന്വേഷണം തുടങ്ങിയത്. സ്ത്രീകളുടെ പേരില്‍ വ്യാജ പദ്ധതിയിലൂടെ പിന്നോക്ക വികസന കോർപ്പറേഷനില്‍ നിന്ന് എസ് എൻ ഡി ജി കോടികള്‍ വായ്പയെടുത്തതിലാണ് അഴിമതി ആരോപണം. സാമ്പത്തിക തിരിമറി ഗൂഡാലോചന എന്നിവയിലൂടെ 15 കോടി രൂപ തട്ടിച്ചെന്നാണ് വി എസ് അച്യുതാനന്ദന്‍ ആരോപിച്ചത്.കേസില്‍ അന്വേഷണ ഉദ്യോഗസ്ഥനെതിരെ ഹൈക്കോടതി ഇന്നലെ രൂക്ഷ വിമര്‍ശനം ഉയര്‍ത്തിയിരുന്നു. മൂന്നാഴ്ചയ്ക്കകം അന്വേഷണ പുരോഗതി റിപ്പോര്‍ട്ട് നല്‍കിയില്ലെങ്കില്‍ എസ്പി എസ് ശശിധരനെ അന്വേഷണ ചുമതലയില്‍ നിന്ന് മാറ്റുമെന്നായിരുന്നു സിംഗിള്‍ ബെഞ്ചിന്‍റെ മുന്നറിയിപ്പ്. പുതിയ ഉദ്യോഗസ്ഥനെ അന്വേഷണത്തിന് നിയോഗിക്കുമെന്നും ഹൈക്കോടതി വ്യക്തമാക്കി. നിരന്തരം നിര്‍ദ്ദേശിച്ചിട്ടും എസ്പി എസ് ശശിധരന്‍ അന്വേഷണ പുരോഗതി റിപ്പോര്‍ട്ട് നല്‍കിയില്ലെന്നാണ് കോടതി ചൂണ്ടിക്കാട്ടുന്നത്.

Leave a Reply

Your email address will not be published. Required fields are marked *