ന്യൂഡൽഹി: നിരോധിച്ചിട്ടുള്ള പോപ്പുലർ ഫ്രണ്ട് ഓഫ് ഇന്ത്യയുടെ (പിഎഫ്ഐ) ഉന്നത നേതാക്കൾക്കെതിരെ രാജ്യദ്രോഹക്കുറ്റം ചുമത്തി കുറ്റപത്രം സമർപ്പിക്കാൻ ദൽഹി കോടതിയുടെ ഉത്തരവ് ഉടൻ നടപ്പാക്കും. ദൽഹി അഡീഷണൽ സെഷൻസ് ജഡ്ജ് പ്രശാന്ത് ശർമ്മയുടേതാണ് ഉത്തരവ്. 2022 സെപ്തംബർ 27 ന് നിലവിൽവന്ന പോപ്പുലർ ഫ്രണ്ടിന്റെ അഞ്ചുവർഷത്തെക്കുള്ള നിരോധനം നാലാം വർഷത്തിലേക്ക് കടക്കുമ്പോഴാണ് ഈ നിർദ്ദേശം.25 പിഎഫ്ഐ അംഗങ്ങൾക്കും സംഘടനയ്ക്കുമെതിരെ ഇന്ത്യൻ ശിക്ഷാ നിയമവും നിയമവിരുദ്ധ പ്രവർത്തനങ്ങൾ (തടയൽ) നിയമവും പ്രകാരം കുറ്റം ചുമത്താനാണ് അഡീഷണൽ സെഷൻസ് ജഡ്ജിയുടെ കോടതി ഉത്തരവ്.വെള്ളിയാഴ്ച ഇറക്കിയ ഉത്തരവിലും പോപ്പുലർ ഫ്രണ്ടിന്റെ പ്രവർത്തന ലക്ഷ്യം കേന്ദ്ര സർക്കാരിനെ അട്ടിമറിക്കാനും രാജ്യത്ത് ഖിലാഫത്ത് ഭരണത്തിൽ ശരീയത്ത് നിയമങ്ങൾ നടപ്പാക്കാനായിരുന്നു ലക്ഷ്യമെന്ന് പരാമർശിക്കുന്നു. അന്വേഷണ ഏജൻസികൾ നൽകിയ തെളിവുകളും മറ്റും വിലയിരുത്തിയാണ് ”2047 ഓടെ ഇന്ത്യൻ സർക്കാരിനെ അട്ടിമറിക്കാനും ഇസ്ലാമിക ഖിലാഫത്ത് സ്ഥാപിക്കാനുമുള്ള ഗൂഢാലോചനയിൽ ‘ഗുരുതരമായ സംശയം’ ഉണ്ടെന്ന്” കോടതി നിരീക്ഷിച്ചത്. ”മൊത്തത്തിൽ പരിഗണിക്കുമ്പോൾ, പോപ്പുലർ ഫ്രണ്ട് ഓഫ് ഇന്ത്യയുടെയും അതിന്റെ നാഷണൽ എക്സിക്യൂട്ടീവ് കൗൺസിലിന്റെയും പേരിൽ പ്രവർത്തിക്കുന്ന പ്രതികൾ, ഇന്ത്യൻ മതേതര ജനാധിപത്യ സർക്കാരിനെ അട്ടിമറിക്കാനും 2047 ഓടെയോ അതിനുമുമ്പോ സംസ്ഥാനത്തിനെതിരായ സായുധ പോരാട്ടത്തിലൂടെ ഭാരതത്തിൽ ശരിയത്ത് നിയമപ്രകാരം ഒരു ഇസ്ലാമിക ഖിലാഫത്ത് സ്ഥാപിക്കാനും ഒരു ഗൂഢാലോചനയ്ക്ക് യോജിച്ച് പ്രവർത്തിച്ചതായി രേഖയിലുള്ള തെളിവുകൾ ഗുരുതരമായ സംശയം ഉയർത്തുന്നു,” ജഡ്ജി പറഞ്ഞു.ഓരോ പ്രതിയുടെയും പങ്ക്, മുഖവിലയ്ക്കെടുക്കുമ്പോൾ, ഗൂഢാലോചനയുടെ ഒന്നോ അതിലധികമോ ഭാഗങ്ങളുമായി യോജിക്കുന്നുവെന്ന് അദ്ദേഹം കൂട്ടിച്ചേർത്തു.
പോപ്പുലർഫ്രണ്ട് നേതാക്കൾക്കെതിരേ രാജ്യദ്രോഹങ്ങൾ ചുമത്തിയുള്ള കുറ്റപത്രം സമർപ്പിക്കാൻ കോടതി നിർദ്ദേശം
