കൊച്ചി: സംസ്ഥാനത്തെ 14 ജില്ലകളിലായി 912 പുതിയ അക്ഷയ കേന്ദ്രങ്ങൾ തുടങ്ങാനുള്ള സർക്കാർ നടപടിയിൽ വിശദീകരണംതേടി ഹൈക്കോടതി. യാതൊരു മാനദണ്ഡവും പാലിക്കാതെ വിവേചനപൂർണമായിട്ടാണ് സർക്കാർ അക്ഷയ സെന്ററുകൾ അനുവദിക്കുന്നതെന്ന് ചൂണ്ടിക്കാട്ടി പൂക്കോട്ടൂർ സ്വദേശി മൊയ്തീൻ നൽകിയ ഹർജിയിലാണ് ഹൈക്കോടതി നിർദേശം.തിരുവനന്തപുരം കോർപറേഷനിൽ പുതുതായി 23 അക്ഷയ കേന്ദ്രങ്ങൾ തുടങ്ങാൻ തീരുമാനിച്ചപ്പോൾ കൊല്ലത്ത് ഒന്ന് മാത്രം കൊടുക്കാനാണ് തീരുമാനം. പുതിയ ഉത്തരവിന്റെ അടിസ്ഥാനത്തിൽ ആകെ 61 അക്ഷയകേന്ദ്രങ്ങൾ തിരുവനന്തപുരത്ത് ഉണ്ടാകുമ്പോൾ കൊച്ചിയിൽ 25 എണ്ണം മാത്രമേ ഉണ്ടാവുകയുള്ളൂ. കൊല്ലത്ത് 12 എണ്ണം മാത്രവും. മുൻസിപ്പാലിറ്റികളിലും പഞ്ചായത്തുകളിലും ഇത്തരം വേർതിരിവ് പ്രകടമെന്നും അഡ്വ. മുഹമ്മദ് ഷാ മുഖാന്തരം നൽകിയ ഹർജിയിൽ പറയുന്നു. ഹർജിയിൽ ഹൈക്കോടതി 23ന് വിശദവാദം കേൾക്കും.
പുതിയ 912 അക്ഷയ സെന്ററുകൾ: വിശദീകരണംതേടി ഹൈക്കോടതി
